ടീം വിജിലന്റ്

ടീം വിജിലന്റ് (Team Vigilant)

ഒരു പോലീസ് സ്റ്റേഷൻ സർക്കിളിനുള്ളിൽ ഉൾപ്പെടുന്ന പ്രദേശത്തെ ലഹരിയുടെ ഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ ജനമൈത്രീ പോലീസും പൊതുജനവും സഹകരിച്ച്‌ പ്രവർത്തിക്കുന്ന ഒരു സ്ഥിരം സംവിധാനമാണ് ടീം വിജിലന്റ് .

പ്രധാനമായും വളർന്ന് വരുന്ന തലമുറയെ ലഹരിയുടെ കരാള ഹസ്തങ്ങളിൽ നിന്നും സംരക്ഷിക്കാൻ കുട്ടികളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താത്ത രീതിയിൽ , അവർക്ക് ചുറ്റും ഓരോ പ്രദേശത്തേയും നേതൃത്വപദവിയലങ്കരിക്കുന്നവരുടെ കൂട്ടായ പങ്കാളിത്തത്തോടെ സംരക്ഷണമൊരുക്കുന്ന ഒരു അദൃശ്യവലയം സൃഷ്ടിച്ചെടുക്കുന്നതോടെ ടീം വിജിലന്റ് സംവിധാനം സജ്ജമാവുന്നു . ഒരു പോലീസ് സ്റ്റേഷൻ സർക്കിളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ, ജനമൈത്രീ പോലീസ് , എക്സൈസ് ഡിപ്പാർട്ടമെന്റ് ഉദ്യോഗസ്ഥര്‍ , വിമുക്തി ലഹരി വർജ്ജന മിഷൻ ഉദ്യോഗസ്ഥർ , വിവിധ മത സംഘടനാ നേതൃത്വങ്ങളുടെ വക്താക്കൾ , ആരാധനാലയങ്ങളുടെ ചുമതലക്കാർ , പ്രദേശത്തെ കായിക - സാംസ്കാരിക വേദികളുടെ പ്രതിനിധികൾ , പ്രദേശത്തെ പ്രവാസി സംഘടന ഭാരവാഹികൾ , പദ്ധതി പ്രദേശത്തെയും സമീപ പ്രദേശത്തെയും സ്‌കൂൾ പ്രിൻസിപ്പാൾ - പി ടി എ , ലഹരി വിരുദ്ധ പ്രവർത്തകർ തുടങ്ങി നേതൃത്വങ്ങൾ ഒന്നിച്ച്‌ ഒരു ഗ്രൂപ്പിന് കീഴിൽ അണിനിരന്ന് ഈ പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കുന്നു .ഒരു പ്രദേശത്തിന്റെ വിവിധ മേഖലകളിലെ മുഴുവൻ നേതൃത്വങ്ങളും , നല്ല ഉദ്ദേശശുദ്ധിയോടെ ഭാവി തലമുറക്ക് വേണ്ടി കൈകോർത്ത് പ്രവർത്തിക്കാൻ ടീം വിജിലന്റ് എന്ന സംവിധാനത്തിനോടൊപ്പം നിൽക്കുന്നതോടെ വളരെ വേഗത്തിൽ ആ മേഖലയെ സംരക്ഷിതമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാവുന്നു .

ടീം വിജിലന്റിന്റെ പ്രവർത്തന മേഖല പ്രധാനമായും
  1. ലഹരിക്കെതിരെ ബോധവൽക്കരണം :-
  2. ടീം വിജിലന്റും ജനമൈത്രീ പോലീസും - വിമുക്തി ലഹരി വർജ്ജന മിഷൻ , എക്സൈസ് ഡിപ്പാർട്ടമെന്റ് എന്നിവയുമായി സഹകരിച്ച്‌ - ഓരോപ്രദേശത്തെയും സംഘടനാ സംവിധാനവുമായി ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു . കൂടാതെ ; പാരന്റിംഗ് ക്ളാസുകൾ സംഘടിപ്പിക്കുന്നു

  3. ലഹരിക്കെതിരെ നിരീക്ഷണം :-
  4. ഓരോ വാർഡിലും മയക്ക് മരുന്ന് അടക്കമുള്ള ലഹരിയുടെ വ്യാപനത്തെ അതാത് പ്രദേശത്തെ ടീം വിജിലന്റ് വളണ്ടിയർമാർ സസൂക്ഷ്മം നിരീക്ഷിക്കുന്നു . പുതുതലമുറ ഒരുമിച്ച് കൂടുന്ന സ്‌കൂൾ - കോളേജ് പരിസരങ്ങൾ , കളിസ്ഥലങ്ങൾ , വിനോദ മേഖലകൾ , എന്നിവിടങ്ങളിൽ കുട്ടികളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താതെ അവരുടെ സംരക്ഷണം ഉറപ്പാക്കുന്ന സമൂഹത്തിന്റെ ഒരു കണ്ണായി പ്രവർത്തിക്കുന്നു .കൂടാതെ ; വനിതാ ടീം വിജിലന്റ് വളണ്ടിയർ വിങ്ങുകൾ മുഖേന കുടുംബങ്ങളിലെ അപകടകാരികളായ ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്താനും ശ്രമങ്ങൾ നടത്തുന്നു .

  5. ലഹരിമുക്ത വൈദ്യസഹായം:-
  6. ലഹരിയിൽ നിന്നും സ്വമേധയാ പിന്മാറണമെന്ന് ആഗ്രഹിക്കുന്നവർക്ക് ലഹരിമുക്ത ചികിത്സാ സഹായത്തിനുള്ള സൗകര്യം ഓരോ പ്രദേശത്തെയും വളണ്ടിയർമാർ ഒരുക്കിക്കൊടുക്കുന്നു . വിമുക്തി ലഹരി വർജ്ജന മിഷനുമായി സഹകരിച്ചും , പ്രാദേശികമായി പ്രത്യേകം ചികിത്സാ ഫണ്ട് കണ്ടെത്തിയും ഡി അഡിക്ഷൻ വൈദ്യസഹായം ലഭ്യമാക്കുന്നു

കേരളത്തിൽ ലഹരിമരുന്ന് ഉപയോഗം ക്രമാതീതമായി ഉയർന്നിരിക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു . പല വിധത്തിലുള്ള കാരണങ്ങളാല്‍ ഒരാള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കടിമപ്പെടുന്നുണ്ട്‌ . ശരീരത്തിലെ ചില ഹോർമോണുകളുടെ അളവിലുണ്ടാവുന്ന വ്യതിയാനങ്ങൾ പലപ്പോഴും ശാരീരിക കാരണമാണെങ്കിൽ , ഒറ്റപ്പെടുന്നു എന്ന തോന്നല്‍, ആന്തരിക സംഘര്‍ഷം, അമിതമായ ജിജ്ഞാസ തുടങ്ങിയവ മാനസിക കാരണങ്ങളില്‍ ചിലതാണ്.

നമ്മുടെ നാട്ടിലെ കാരണങ്ങൾ ‍ മുഖ്യമായും സാമൂഹികപരവും , കുടുംബപരവുമാണെന്ന് കണ്ടെത്താന്‍ കഴിയും. ഒരാൾ വളരുന്ന ചുറ്റുപാട്, സുഹൃത്തുക്കള്‍, കുടുംബത്തിലെ പ്രശ്നങ്ങള്‍, ലഹരി വസ്തുക്കള്‍ യഥേഷ്ടം ലഭ്യമാകുന്ന അവസ്ഥ, കൂട്ടുകാര്‍ക്കിടയില്‍ സമൂഹിക പദവി ഉയർന്നു വരും എന്ന മിഥ്യാധാരണ, ഫലപ്രദമായ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കാത്ത അവസ്ഥ എന്നിവയാല്‍ പലരും മദ്യത്തിനോ മയക്കുമരുന്നിനോ കീഴ്പ്പെടുന്നു.

കൗമാരമെന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ നിർണ്ണയിക്കുന്ന പ്രധാനപ്പെട്ട ഒരു ഘട്ടമാണ് .ശാരീരികവും മാനസികവും സാമൂഹികവും ബുദ്ധിപരവുമായ വളർച്ചയുടെ കാലം .കൗമാരക്കാരെ സംബന്ധിച്ചിടത്തോളം ഈ പ്രായത്തിൽ കാര്യങ്ങളെ ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവ് ബുദ്ധിവികാസത്തിന്റെ ഭാഗമായി പൂര്‍ത്തിയാവത്തത് കൊണ്ട് തന്നെ അപക്വമായ ഒട്ടേറെ പെരുമാറ്റ ശീലങ്ങളിലേക്ക് ഈ പ്രായത്തിൽ അവർ ചെന്നെത്തുവാൻ സാധ്യത കൂടുതലാണ് . രക്ഷിതാക്കളെയും സഹോദരങ്ങളേയും പോലെ അവർ സൗഹൃദങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന സമയമാണത് . അതുകൊണ്ട് തന്നെ കൗമാരക്കാരെ ഉപദേശിക്കാനും വിമര്‍ശിക്കാനും മാത്രം ശ്രമിക്കാതെ , അവരെ ഇഷ്ടപ്പെടുന്ന , ചേർത്തു പിടിക്കുന്ന കൂട്ടുകാരായി നമുക്ക് മാറാൻ കഴിയണം . ഉത്തരങ്ങൾ മാത്രം തേടുന്ന ചോദ്യകര്‍ത്താവായി മാറാതെ അവരെ ക്ഷമയോടെ കേൾക്കാനും വിശ്വാസ്യതയോടെ കൂടെ നിൽക്കാനും കഴിയുന്ന ഒരു സമൂഹിക ചുറ്റുപാടാണ് കൗമാരക്കാർ ആഗ്രഹിക്കുന്നത് . സാമൂഹികാന്തരീക്ഷം അപകടരഹിതവും , സുരക്ഷയുള്ളതും ആക്കി മാറ്റേണ്ടത് മുതര്‍ന്നവരുടെ കടമയാണ് . പകരം ; കൗമാരക്കാരുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് കൂടുതൽ അപകടമാണ് .

ടീനേജ് പ്രായത്തിലുള്ള കുട്ടികളെ വളരെ പെട്ടെന്ന് ലഹരിമാഫിയ വലയിൽ വീഴ്ത്തുന്ന കാഴ്ചയാണ് പലയിടത്തും കാണാനാവുന്നത് . ഗ്രാമപ്രദേശങ്ങളിൽ പോലും ലഹരിയുടെ വ്യാപാരികൾ അവരുടെ മാർക്കറ്റിങ് വ്യാപിപ്പിച്ചിരിക്കുന്നു . അറിഞ്ഞും അറിയാതെയും കുട്ടികൾ ലഹരിയുടെ വലയിൽ അകപ്പെട്ടുപോവുന്നു . അവരെ അതിൽ നിന്നും തടയുക എന്നുള്ളത് പോലീസ് / എക്സൈസ് ഡിപ്പാർട്ടമെന്റുകളുടെ കടമയാണ് . ആ കടമ വളരെ കാലങ്ങളായി അവർ നിർവ്വഹിക്കുന്നുണ്ട് . ഒരു പ്രദേശത്തെ ഭാവി തലമുറയെ ലഹരിയുടെ പിടിയിൽ നിന്നും സംരക്ഷിക്കാൻ അത്തരം ഡിപ്പാർട്മെന്റുകൾ കാര്യമായിതന്നെ ജോലി ചെയ്യുന്നുണ്ട് . പക്ഷെ ; നമ്മൾക്ക് വേണ്ടി ഈ വിഷയത്തിൽ പണിയെടുക്കുന്ന അവരെ സഹായിക്കാൻ പ്രദേശവാസികൾ എന്ന നിലക്ക് കഴിഞ്ഞ കാലങ്ങളിൽ നാം എത്രമാത്രം താല്പര്യം കാണിച്ചിട്ടുണ്ട് ?

ടീം വിജിലന്റിന്റെ പ്രസക്തി ഇവിടെയാണ്

നമ്മുടെ പ്രദേശത്തെ ഒരു രോഗിയെ സഹായിക്കാൻ നിരവധി പാലിയേറ്റീവ് സംവിധാനങ്ങളും അതിന്റെ വളണ്ടിയർമാരും 100% ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനുണ്ട് ... ആ രോഗിയുടെ കാര്യം സർക്കാരിന്റെ ആശുപത്രിക്കാരും ശമ്പളം പറ്റുന്ന ഡോക്ടർമാരും നോക്കിക്കൊള്ളും എന്ന് പറഞ്ഞു കൊണ്ട് നമ്മൾ ഇടപെടാതിരിക്കുന്നില്ല !!!!

നമുക്ക് മുന്നിൽ ഒരു യാത്രക്കാരൻ അപകടത്തിൽ പെട്ടാൽ , സഹായിക്കാൻ പ്രദേശവാസികൾ നിരവധിയുണ്ട് ; കൂടാതെ അനേകം ആംബുലൻസും നമ്മുടെ പ്രദേശത്തുണ്ട് ... ആരും തന്നെ സർക്കാരിന്റെ 108 ആംബുലൻസും കാത്ത് നിൽക്കുന്നില്ല !!!!

സർക്കാരിന് പാവപ്പെട്ടവരെ സഹായിക്കാൻ അനേകം പദ്ധതികൾ ഉണ്ട് . എന്നിട്ടും ; നമ്മുടെ പ്രദേശത്തെ ഒരു കുടുംബംത്തിലെ പട്ടിണി , വിവാഹം , വൈദ്യസഹായം , ഭവനനിർമ്മാണം , വിദ്യാഭ്യാസ സഹായം തുടങ്ങി എല്ലാ കാര്യങ്ങളിലും നാട്ടുകാർ എന്ന നിലക്ക് മാനുഷിക പരിഗണനയുടെ പേരിൽ ആത്മാർത്ഥമായി നമ്മൾ ഇടപെടുന്നു .

എന്നാൽ .....

നമ്മുടെ വാർഡിൽ ഒരു കുടുംബത്തിലെ കുട്ടി *ലഹരി ഉപയോഗിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ * ഉണ്ടെങ്കിൽ നമ്മൾ ഇടപെടാറില്ല .

  • ഒരു കുട്ടി
  • അവന്റെ ഭാവി
  • അവന്റെ കുടുംബം
  • അവരുടെ അഭിമാനം
  • അവരുടെ ബന്ധുമിത്രാധികളുടെ അഭിമാനം
  • ആ കുട്ടിയുടെ സ്‌കൂളിന്റെ /നാടിന്റെ എല്ലാം അഭിമാനം
തകരുമെന്നറിഞ്ഞിട്ടും ഒരാളും അതിൽ ഇടപെടില്ല . കാരണം ; അത് മാത്രം പോലീസും / എക്സൈസും നോക്കണം .

ഇതിനൊരു മാറ്റം വേണ്ടേ ?

ആദ്യം വേണ്ടത് *നമ്മുടെ കുട്ടികളുടെ ഭാവി കണക്കിലെടുത്ത് * ഓരോ വാർഡിലും ടീം വിജിലന്റ് സംവിധാനങ്ങൾ രൂപപ്പെടണം .

ഒരു പ്രദേശത്തെ മുഴുവൻ സംഘടനകളും ആരാധനാലയങ്ങളും കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യക്തികളും , രക്ഷിതാക്കളും ആത്മാർത്ഥമായി ഇടപെടുന്നതോടെ , ഈ വിപത്തിനെ ഒരു പ്രദേശത്ത് നിന്നും ഇല്ലായ്മ ചെയ്യാൻ ഒരു പരിധിവരെ സാധിക്കും .